Thursday, June 18, 2015

 കാലവര്‍ഷത്തെ മഴ ആയിരിക്കണം പടച്ചവന്‍ ഇക്കുറി നേരത്തെ വേനല്‍ കാലത്ത് തന്നെ തന്നത്...ഞായറാഴ്ച ആയതു കൊണ്ടും ചെറുങ്ങനെ മഴ പെയ്യുന്നത് കൊണ്ടും എങ്ങോട്ടും പോകാതെ വീടിന്‍റെ സിറ്റ് ഔട്ടില്‍ ഇരുന്നു ഞാറാഴ്ച സപ്പ്ലിമെന്റും വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് “ഇക്കാ മാക്സി വേണോ” എന്ന ശബ്ദം കേട്ടത്...പത്രത്തില്‍ നിന്നും കണ്ണ് മാറ്റി കൊണ്ട് ശബ്ദത്തിന്‍റെ ഉടമയെ നോക്കിയപ്പോള്‍ 15 വയസ്സ് പ്രായം  തോന്നിക്കുന്ന ഈര്‍ക്കിലി പോലത്തെ ഒരു ആണ്‍കുട്ടി...
അവന്‍റെ പ്രായത്തില്‍  താങ്ങാന്‍ ആകാത്ത ഒരു വലിയ ഒരു ബാഗ്‌ അവന്‍റെ തോളില്‍ നിന്നും അവന്‍ താഴെ വെച്ചു.. കയ്യിലെ തോര്‍ത്ത് മുണ്ട് കൊണ്ട് മഴയില്‍ നനഞ്ഞ മുഖം അവന്‍ തുടച്ചു...
ഞാന്‍ ഉമ്മാനോട് ഉറക്കെ വിളിച്ച് ചോദിച്ചു...
“ഉമ്മാ മാക്സി വേണോ?”
ഉമ്മ അകത്തു നിന്നും മറുപടി തന്നു
“വേണ്ടെന്നു പറഞ്ഞേക്ക് സംജു ...
അവനും കേട്ടിരുന്നു ഉമ്മയുടെ മറുപടി. വല്ലാത്ത നിരാശയോടെ തോളില്‍ നിന്നും ഇറക്കി വെച്ച ആ വലിയ ബാഗ് വീണ്ടും അവന്‍ തോളില്‍ വച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്തോ എനിക്ക് അവനോട് അനുകമ്പ തോന്നി. അവന്‍റെ പ്രായത്തില്‍ ഞാന്‍ ഒക്കെ ക്രിക്കറ്റും ഫുട്ബോളും പാടത്തും പറമ്പിലും കളിച്ചു നടക്കുകയായിരുന്നു. ഇവനോ കളിച്ചും പഠിച്ചും നടക്കേണ്ട ഈ ഇളം പ്രായത്തില്‍ തോളില്‍ ജീവിത പ്രാരാബ്ധം ഏറ്റി നടക്കുന്നു...
ഞാന്‍ അവനോട് നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് വീണ്ടും ഉമ്മാനെ വിളിച്ച് കൊണ്ട് പറഞ്ഞു...
“ഉമ്മ ഒരു ചെറിയ കുട്ടിയാണ്. ഒന്ന് വന്നു നോക്ക്”...
അപ്പോള്‍ ഉമ്മ പുറത്തേക്ക് വന്നു. ഉമ്മയുടെ വിളികേട്ട് മറ്റു പെണ്പടകളും
അവന്‍റെ കയ്യില്‍ കുഴപ്പമില്ലാത്ത സെലക്ഷന്‍ ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും കൂടി 2000 രൂപയുടെ മാക്സി എടുത്തു..
ഞാന്‍ അവനോട് ചോദിച്ചു..
“നിനക്ക് എത്ര കമ്മിഷന്‍ കിട്ടും?”
അവന്‍ പറഞ്ഞു
“1000 രൂപക്ക് 75 രൂപ കിട്ടും”
ഞാന്‍ വീണ്ടും ചോദിച്ചു..
“നീ പഠിക്കുന്നുണ്ടോ?”
അവന്‍..
“ഉണ്ട് 10 ക്ലാസ്സിലാണ്...
ഞാന്‍‍‍...
” പഠികേണ്ട ഈ സമയത്ത് നീ ഇതും വിറ്റ് നടന്നാല്‍ ജീവിതം പോകില്ലേ?”
അവന്‍..
”ഇല്ല ഇക്ക.. ഞായറാഴ്ചയും ഒഴിവുള്ള ദിവസവും മാത്രമേ ഞാന്‍ പോകാറുള്ളൂ.. പിന്നേ ക്ലാസ്സ്‌ കഴിഞ്ഞിട്ട് കുറച്ചു നേരവും. എന്നാലും ക്ലാസ്സില്‍ ഞാന്‍ ഫസ്റ്റ് ആണ് ഇക്കാ..പിന്നെ എനിക്കും ആഗ്രഹമുണ്ട് ഇക്കാ..കൂട്ടുകാരോട് കൂടി കളിക്കാനും ചിരിക്കാനുമോക്കെ..പക്ഷെ
ഞാന്‍ കളിയ്ക്കാന്‍ നടന്നാല്‍ എന്‍റെ ഉമ്മയും  പെങ്ങന്‍മാരും‍‍ പട്ടിണിയായും. എനിക്ക് പഠിക്കാനും വേണ്ടേ പണം..എല്ലാം ഇതില്‍ നിന്നും ഉണ്ടാക്കണം..
ഞാന്‍‍‍...
“അപ്പോള്‍ നിന്‍റെ ഉപ്പയോ?
അവന്‍...
“എനിക്ക് 12 വയസ്സുള്ളപ്പോള്‍ നാട് വിട്ടു പോയതാ...പിന്നെ ഒരറിവും ഇല്ല..
ഞാനും ഉമ്മയും പെങ്ങന്‍മാരും എന്നും കാത്തിരിക്കും ഉപ്പയുടെ വരവും കാത്ത്. പക്ഷെ ഇതു വരെ” ....
മുഴുമിക്കാനകാതെ അവന്‍റെ ശബ്ദം ഇടറി..
"പോകട്ടെ ഇക്കാ.."എന്ന് പറഞ്ഞു കൊണ്ട്  ഒരു ചെറു ചിരികുള്ളില്‍ ഒരു പൊട്ടി കരച്ചില്‍ ഒളിപിച്ചു കൊണ്ട് അവന്‍ ആ വലിയ മാക്സി ബാഗ്‌ വീണ്ടും എടുത്ത് തോളില്‍ വെച്ചു ചെറുതായി ചാറുന്ന ചെറു മഴയിലോട്ട് ഇറങ്ങി നടന്നു. ആ ചെറിയ വായില്‍ നിന്നും തൊണ്ട പൊട്ടുന്ന രീതിയില്‍ മാക്സി വേണോ മാക്സി എന്ന് വിളിച്ച് പറഞ്ഞു കൊണ്ട്...
 ഒരു മുഖ കുരു മുഖത്ത് വന്നാല്‍ പോലും  പടച്ചോനെ കുറ്റം പറയുന്ന നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു...നമ്മള്‍ ഒക്കെ ഭാഗ്യവാന്‍മാര്‍‍‍ ആണെന്നു ചിലരുടെ അവസ്ഥ കേള്‍ക്കുമ്പോള്‍‍...
     

Monday, March 30, 2015

സൗഹൃദം

ഫോണ്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്നു. പുസ്തകം മടക്കി വച്ച് ഫോണ്‍ ചെവിയില്‍ വച്ചപ്പോള്‍ മറുതലക്കല്‍ എവിടെയോ കേട്ട് മറന്ന ഒരു സ്ത്രീശബ്ദം. "ഹലോ" അല്‍പനേരം മിണ്ടാതെ നിന്നു. "മനസ്സിലായില്ലേ" മറുതലക്കല്‍ നിന്ന് വീണ്ടും. അപ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ നിസ്സാര കാര്യത്തിന് തന്നോട് പിണങ്ങിപ്പോയ തന്‍റെ പഴയ കൂട്ടുകാരിയെ അവന്‍ ഓര്‍ത്തത്. അവളുടെ മധുരമായ ശബ്ദത്തിനു പതിവിലും മാധുര്യമേറി. "ആയി, പറയൂ.." അവന്‍ പറഞ്ഞു. "സുഖമാണോ?" അവള്‍ ചോദിച്ചു. "അറിയില്ല" അവന്‍ പറഞ്ഞു. "എന്തുണ്ട് വിശേഷം?", "ഇത്രയും നേരം വിശേഷമൊന്നും ഇല്ലായിരുന്നു, ഇപ്പോള്‍ ചെറിയ വിശേഷം ആയി" അവന്‍ പറഞ്ഞു. "നിനക്ക് സുഖമാണോ?" അവന്‍ ചോദിച്ചു. "അതെ, എങ്കില്‍ ശരി വെയ്ക്കുകയാണ്" ഫോണ്‍ കട്ടായി. അവന്‍ അല്‍പനേരം കൂടി ഫോണ്‍ ചെവിയില്‍ വച്ചുകൊണ്ട് അവന്‍ നിന്നു. ഇനിയൊരിക്കലും അവളുടെ ശബ്ദം പോലും കേള്‍ക്കുമെന്ന്‍ കരുതിയതല്ല. ഇപ്പോള്‍ അവള്‍ ഇങ്ങോട്ട് വിളിച്ചിരിക്കുന്നു. കുറച്ചു കൂടി സംസാരിക്കാമായിരുന്നു എന്ന് തോന്നി അവന്. പതിവ് തര്‍ക്കങ്ങള്‍ക്കിടയിലുണ്ടായ നിസ്സാരമായ കളിയാക്കല്‍. അവനത് നിസ്സാരമായിരുന്നെങ്കിലും അവള്‍ക്കങ്ങനെ ആയിരുന്നില്ല. അത് മറ്റാരെക്കാളും അവനു അറിയാമായിരുന്നു. തങ്ങള്‍ പിണങ്ങാനുണ്ടായ സാഹചര്യത്തെ അവന്‍ ശപിച്ചു.
ഉറങ്ങുന്നതിനു മുന്പ് തന്‍റെ ഡയറിയില്‍ ഇങ്ങനെ എഴുതി. " ജീവിത്തില്‍ മറക്കാന്‍ കഴിയാത്തത് എന്ന് എണ്ണപ്പെട്ടവയില്‍ ഇതും കൂടി. നഷ്ട്പ്പെട്ടെന്ന് കരുതിയ സൗഹൃദം തിരിച്ചു കിട്ടിയിരിക്കുന്നു. ജീവിതത്തില്‍ വിലപ്പെട്ടതൊന്നും ബോധപൂര്‍വ്വമായ ശ്രമത്തില്‍ നിന്നുണ്ടാകുന്നതല്ല. വിധിയുടെ വിസ്മയം പോലെ അവ സ്വയം സംഭവിക്കുന്നു. മനസ്സിലെ സന്തോഷം ഈ കടലാസ്സിലേക്ക് പകര്‍ത്താന്‍ ഈ പേനക്ക് കഴിവുണ്ടായിരുന്നെങ്കില്‍..http://api.ning.com/files/741FtnVWixa519PVURez3Jzygi*b8to6OKU1ENWMgBC3uWbh2q8NgddZ3qdIv2NJvGdmwDYqLLPS2wgWzYkWJaP23RZT-C6b/mqdefault.jpg

സ്വപ്‌നങ്ങൾ പെയ്യാത്ത കാലത്തിലൂടെ..

നിലാവായ് തെളിഞ്ഞ്,
സുഗന്ധം നുണയുന്ന കാറ്റായ്
മെല്ലെ മെല്ലെ പടർന്ന്.....
ഇലകൾക്കിടയിലൂടെ
തണൽപോലെ മൃദുലമായ
വിരലുകൾ കൊണ്ട് ,
മുടിയിഴകൾക്കിടയിലൂടെ....
പിന്നെയൊരു മഴത്തുള്ളിയായി
നെറ്റിയിൽനിന്ന് ,
കണ്ണിലൂടെ ചുണ്ടിൽ ചിതറി വീണ്,
ഒരു രാവുമുഴുവൻ ആർത്തുപെയ്യ്ത്‌
തിരമാലകളായി ആടിയുലഞ്ഞ്,
ഉണരുമ്പോൾ ......
സൂര്യ വെളിച്ചത്തിന്റെ കൂർത്ത മുനയാൽ
കിനാവുകൾ പിടയുമ്പോൾ ,
കണ്ണിൽ വീണ മഴത്തുള്ളിയുടെ
കുളിർമയിലേക്ക്
കണ്ണീർ പടർത്തി,
വറുതി വീണ പാതയിൽ
വെയിൽപാടുകൾ ചവുട്ടി
സ്വപ്‌നങ്ങൾ പെയ്യാത്ത കാലത്തിലൂടെ
ശൂന്യതയിലെക്കൊരു
പാലായനം

Saturday, April 26, 2014

സ്വന്തമെന്നു പറയുവാന്‍ ആരും ഈ ഭൂമിയില്‍ ഇല്ലാത്ത ഒരവസ്ഥ ..അല്ലങ്കില്‍ ഉണ്ടായിട്ടും അനാഥ മന്ദിരത്തിന്റെ ഇരുണ്ട മുറികളില്‍ ജീവിതം ഹോമികേണ്ടി വന്നവരുടെ അവസ്ഥ നമ്മള്‍ ചിന്തിച്ചിട്ടുണ്ടോ?? അതായിരിക്കും ഈ ലോകത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അവസ്ഥ...
            വിനു….. നമ്മുക്ക് അവനെ അങ്ങനെ വിളിക്കാം....ജനിപ്പിച്ച അവന്റെ മാതാപിതാക്കള്‍ അവര്‍ക്ക് പറ്റിയ ഒരു തെറ്റ് സമൂഹത്തിനു മുന്‍പില്‍ മറച്ചു വെക്കുവാന്‍ വേണ്ടി ആ അനാഥ മന്ദിരത്തിന്റെ പടവുകളില്‍ അവനെ കിടത്തി ഇരുട്ടിന്റെ മറവിലേക്ക് ഓടി ഒളിക്കുമ്പോള്‍ അവനു പ്രായം രണ്ടു മാസമായിരുന്നു..നൂറു കണക്കിന് അനാഥ കുട്ടികളില്‍ ഒരുവനായി അവനും വളര്‍ന്നു.. ആ അനാഥ മന്ദിരത്തില്‍...ഇപ്പോള്‍ അവനു പ്രായം എട്ടു വയസ്സ്.. ആരുമായും കൂട്ട് കൂടാതെ അവന്‍ എപ്പോഴും ആ അനാഥ മന്ദിരത്തിന്റെ പടവുകളില്‍ ദൂരേക്ക് നോക്കി ഇരിക്കും ..തന്നെ കൊണ്ട് പോകുവാന്‍ എന്നെങ്കിലും തന്റെ അച്ഛനും അമ്മയും വരുമെന്ന പ്രതീക്ഷയില്‍..പക്ഷെ ആ കാത്തിരിപ്പ് നീണ്ടു കൊണ്ടിരുന്നു...പിഴച്ചു പെറ്റ അവനെ തേടി ആരും വരില്ലന്ന സത്യം അവനറിയില്ലായിരുന്നു..കാരുണ്യത്തോടെയുള്ള ഒരു നോട്ടം..ഒരു ചോദ്യം.. അതിനായ് അവന്റെ കുഞ്ഞു മനസ്സ് അലഞ്ഞു കൊണ്ടിരുന്നു പക്ഷേ ആ അനാഥ മന്ദിരത്തില്‍ നിന്നും അവന്ക്ക് അത്  ഒരിക്കലും കിട്ടിയില്ല....ദത്തെടുക്കുവാനായി പലരും ആ അനാഥ മന്ദിരത്തില്‍ വരുമ്പോള്‍ അവരെ നോക്കി മൌനമായ് അവന്‍ കെഞ്ചുമായിരുന്നു..എന്നെ കൊണ്ട് പോകുമോ?..ഒരിത്തിരി സ്നേഹം തരുമോ.. പക്ഷെ അവന്റെ കെഞ്ചല്‍ ആരും കേട്ടില്ല... ദത്തെടുക്കുവാനായ് വന്നവര്‍ മറ്റൊരു കുട്ടിയുമായ് തിരിച്ചു പോകുന്നത് കാണുമ്പോള്‍ അവന്റെ കുഞ്ഞു മനസ്സ് പൊട്ടി കരയുമായിരുന്നു ...പക്ഷെ അവന്റെ കണ്ണ്നീര്‍ ആരും കണ്ടില്ല..അവസാനം അവന്‍ തീരുമാനിച്ചു ആ അനാഥ മന്ദിരത്തില്‍ നിന്നും രക്ഷപെടുവാന്‍...
         അര്‍ദ്ധ രാത്രിയുടെ ആ അവസാന യാമത്തില്‍ ആ അനാഥ മന്ദിരത്തിന്റെ അതിര്‍ വരമ്പുകള്‍ ചാടി കടക്കുമ്പോള്‍ അവന്റെ മനസ്സില്‍ സ്വപ്‌നങ്ങള്‍ കൊണ്ട് നെയ്തുണ്ടാക്കിയ നിറമുള്ള ഒരു ലോകമായിരുന്നു...ആരോ വന്നു വിളിച്ചുണര്‍ത്തുംമ്പോഴാണ് അവന്‍ കണ്ണ് തുറന്നത്...ഒരു കടയുടെ തിണ്ണയില്‍ കിടക്കുകയായിരുന്നു അവന്‍ അപ്പോള്‍..പതുക്കെ എണീറ്റ് നഗരത്തിന്റെ തിരക്കിലേക്ക് നടക്കുമ്പോള്‍  അവന്‍ കേട്ടു വിളിച്ചുണര്‍ത്തിയ കടയുടമയുടെ ശകാരങ്ങള്‍....
          ആ വലിയ നഗരത്തിന്റെ തിരക്കിലുടെ നടക്കുമ്പോള്‍ അവന്റെ കുഞ്ഞു കണ്ണുകളില്‍ നഗരത്തിന്റെ കാഴ്ചകള്‍ കൌതുകം വിതറി..ചെറുതായ് പെയ്ത മഴയില്‍ അവനും നനഞ്ഞു...അപ്പോഴാണ് അവന്റെ കണ്ണിനു കുളിരായ് ആ കാഴ്ച കണ്ടത്...സ്കൂള്‍ യുനിഫോം ഇട്ടു ബാഗുമെന്തി കുഞ്ഞി കുടയും പിടിച്ചു നടന്നു പോകുന്ന കുറെ കുട്ടികള്‍ ചിലരുടെ കൂടെ അവരുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു....അവന്‍ കൊതിയോടെ അവരെ നോക്കി നിന്നു..അവന്‍ അറിയാതെ ആഗ്രഹിച്ചു പോയ്‌...അച്ഛനും അമ്മയും ഉണ്ടായിരുന്നുവെങ്കില്‍ എനിക്കും ഇതു പോലെ കുടയും ബാഗുമെന്തി ഇവരില്‍ ഒരാളായ് പോകാമായിരുന്നു എന്ന്...ആ മഴയത്ത് നനഞ്ഞു നിന്നിരുന്ന അവന്റെ കണ്ണില്‍ നിന്നും ഉതിര്‍ന്ന കണ്ണുനീര്‍ മഴതുള്ളിയില്‍ ഒലിച്ചു പോയത് ആരും കണ്ടില്ല... 
 കുറെ നേരത്തെ അലച്ചില്‍ അവന്റെ കുഞ്ഞു ശരീരത്തെ തളര്‍ത്തിയിരുന്നു...പല ഹോട്ടലിന് മുന്‍പില്‍ പോയി നിന്ന് അവന്‍ ഭക്ഷണം ചോദിച്ചുവെങ്കിലും എല്ലാവരും അവനെ ഓടിച്ചു...കുറെ നേരമായ് അവനെ ദൂരെ നിന്നും വീക്ഷിച്ചിരുന്ന ഒരു ഒറ്റ കണ്ണന്‍ അവന്റെ അടുതെത്തി ചോദിച്ചു...
മോന് വിശക്കുന്നുണ്ടോ?
അവന്‍ ഉണ്ടന്നെ അര്‍ത്ഥത്തില്‍ തലയാട്ടി..
അയാള്‍ വീണ്ടും ചോദിച്ചു..
മോന്‍ തനിച്ചാണോ?
അവന്‍ പറഞ്ഞു.. അതെ
മോന്‍ എന്റെ കൂടെ വരുന്നോ ഞാന്‍ ഭക്ഷണം വേടിച്ചു തരാം..
അവന്‍ അയാളുടെ മുഖത്തേക്ക് നിഷ്കളങ്കമായ് നോക്കി കൊണ്ട് പറഞ്ഞു
...ഞാന്‍ വരാം...
കെണിയില്‍ വീണു കിടക്കുന്ന മാന്‍ കുട്ടിയെ നോക്കി വേട്ടാളന്‍ ചിരിക്കുന്നത് പോലെ അവന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി വന്യമായ് ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു...
മോന്ക്ക് രണ്ടു കണ്ണുകളുള്ളതിനേക്കാള്‍ ഭംഗി ഒരു കണ്ണുള്ളതാണ്....
അയാള്‍ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാകാതെ അയാളുടെ കൂടെ നടക്കുമ്പോള്‍ അവനറിഞ്ഞില്ല അയാള്‍ ഭിക്ഷാടന മാഫിയയുടെ എജെന്റാണന്നു.....
ഓര്‍ക്കുക നമ്മള്‍ സ്വന്തം മക്കളെ താലോലിക്കുമ്പോള്‍... ആരോ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന അനാഥകളായ കുറെ ജന്മങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ടെന്ന്....അവര്‍ക്ക് വേണ്ടിയും നമ്മള്‍ ചിലത് ചെയ്യനുണ്ടന്നു

Saturday, April 12, 2014

രാവിലെ പത്രം വായിക്കുകയായിരുന്ന കോയാക്ക ആ വാര്‍ത്ത കണ്ട പാടെ പത്രം ചുരുട്ടി മടക്കി ത്വക്കില്‍ തിരുകി വെച്ച് ഭാര്യ കദീസുമ്മയെ വിളിച്ചു അലറീ.... എടീ ഇബിലീസേ ആ തോര്‍ത്ത്‌മുണ്ട് ഇങ്ങേടുക്കടീ.. ഇക്ക് ഞമ്മടെ ഉസ്താദിനെ ഒന്ന് പോയി കാണണം..തോര്തുമുണ്ടുമായി ഓടി വന്ന കദീസുമ്മ ചോദിച്ചു..എന്താ മനുഷ്യനെ ഇങ്ങള് ഈ രാവിലെ തന്നെ  കിടന്നു അലറണത്..
കോയാക്ക പറഞ്ഞു..ഇടീ ഇജ്ജ് ഈ പത്രം ബായിച്ചോ? അല്ല ഇജ്ജ് ജനിച്ചിട്ട് പത്രം ബായിച്ചിട്ടുണ്ടോ?
 കദീസുമ്മയും വിട്ടു കൊടുത്തില്ല..ഞാന്‍ ഈ രാവിലെ തന്നെ പത്രം ബായിക്കാന്‍ നിന്നാല്‍ ഇങ്ങള്‍ക്ക് ചായേം കടീം ഉണ്ടാക്കാന്‍ വേറെ ആളൊന്നും ഇല്ലല്ലോ ഇബിടെ..ഇങ്ങള് പുന്നാരം പറയാതെ കാര്യം പറയിന്‍ മനുഷ്യനെ..
.കോയാക്ക പറഞ്ഞു.....എടീ ഹമുക്കെ ഈ പത്രത്തില്‍ ഒരു ബാര്‍ത്തയുണ്ട് കാണാതെ പോയ ഒരു ബിമാനം എവിടെയാണ് ഉള്ളതെന്ന് പറഞ്ഞു കൊടുത്താല്‍ അമ്പതു കോടിയാണ് സമ്മാനം ...ഞമ്മടെ ഉസ്താദ് ഭയങ്കരനല്ലേ ചുട്ട കോഴിനെ പറപിച്ച മുപ്പെര്‍ക്ക് ഇതൊക്കെ നിസ്സാരമാകുമടീ...ബിമാനം മുപ്പെര്‍ക്ക് കണ്ടത്താന്‍ പറ്റിയാല്‍ ഇരുപത്തഞ്ചു കോടി മുപ്പെര്‍ക്കും ഇരുപത്തഞ്ചു കോടി ഞമ്മക്കും...ഇജ്ജ് ഒരു മുഴുത്ത കോയിനെ അറുത്തു കോയി കറീം പത്തിരീം ഇണ്ടാക്...ഞമ്മള് ഉസ്താദിനെ കൂട്ടി ബെരാം...ഇതും പറഞ്ഞു കോയാക്ക ഉസ്താതിന്റെയ് വീട്ടിലേക്ക് നടന്നു...ബിമാനം പോയാലും ഞമ്മക്കാ കേട് എന്ന് പിറ് പിറുത്തു കൊണ്ട് കദീസുമ്മ വീടിന്റെ അകതോട്ടും
                              പതിവില്ലാതെ അതി രാവിലെ തന്നെ ചുരുട്ടി പിടിച്ച പത്രവുമായി വരുന്ന കൊയാക്കാനെ കണ്ടു ഉസ്താദ്‌ ചോദിച്ചു ..
എന്താ കോയ ഇജ്ജ് ഈ അതി രാവിലെ ഈ ബയിക്ക്...
തോര്‍ത്ത്‌മുണ്ട് കൊണ്ട് ഇരിപിടം തുടച്ചു കോയാക്ക പറഞ്ഞു..
ഇങ്ങള് ഈ പത്രം ഒന്നും ബായിക്കാരില്ലേ? ഇങ്ങട്ടു നോക്കിന്‍...എന്ന് പറഞ്ഞു കൊണ്ട് ചുരുട്ടിയ പത്രം നിവര്‍ത്തി കോയാക്ക ആ വാര്‍ത്ത ഉറക്കെ വായിച്ചു...
കാണാതായ മലേഷ്യന്‍ ബിമാനം കണ്ടു പിടിച്ചു കൊടുക്കുന്നവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാര്‍ അമ്പതു കോടി രൂപ പ്രതിഫലം നല്‍കും എന്ന്...ഇങ്ങള് ഔലിയാക്കന്‍മാരെ വിളിച്ചു ഒന്ന് ചോദിക്കിന്‍ ആ ബിമാനം എവിടെയാനന്നു...ഉറപ്പായിട്ടും ഇങ്ങള്‍ക്ക് പറഞ്ഞു തരും..ഒന്നും രണ്ടും അല്ല
അമ്പതു കോടിയാ അമ്പതു കോടി...
കൊയക്കാടെ മുഖത്തേക്ക് തുറിച്ചു നോക്കി കൊണ്ട് ഉസ്താദ്‌ പറഞ്ഞു...ഇങ്ങള് രാവിലെ തന്നേയ് മനുഷ്യനെ മക്കാറാക്കാന്‍ വന്നതാണോ?
ഇങ്ങള് എവിടത്തെ കോയയാ...അങ്ങനെ ബെല്ല കഴിവും ഉണ്ടായിരുന്നേല്‍ ഞമ്മള്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ആകുലേ?...ഞമ്മള് വെല്ല ചെറിയ ഊത്തോക്കെ നടത്തി ജീവിച്ചു പൊക്കോട്ടെ...ഇങ്ങള് ഞമ്മടെ കഞ്ഞീല്‍ പൂയ് വാരി ഇടല്ലേ കോയാ.....
കോയാക്ക നിരാശയോടെ ഉസ്താദിനോട് ചോദിച്ചു...അപ്പോള്‍ ഇങ്ങളെ കൊണ്ട് ഈ ബിമാനം കണ്ടത്താന്‍ പറ്റുലാലേ?
ഉസ്താദ്‌ പറഞ്ഞു...ബിമാനം പോയിട്ട് ഒരു സൂജി പോയത് കണ്ടത്താന്‍ ഞമ്മളെ കൊണ്ട് പറ്റൂല്ല..ഇനി അങ്ങനെ പറ്റുന്ന ആരും ഈ ദുനിയാവില്‍ ഉണ്ടന്ന് ഞമ്മക്ക് തോന്നുന്നും ഇല്ല.. കണ്ണും പൂട്ടി പറയണത് ചിലതൊക്കെ ഭാഗ്യം കൊണ്ട് നടക്കുന്നു അങ്ങനെ ജീവിച്ചു പോകുന്നു ഞമ്മളെ പോലുള്ളവര്‍ മനസ്സിലായോ അനക്ക് കോയാ...
ഇവരുടെ സംസാരം കണ്ടു കൊണ്ട് റോഡിലൂടെ പോയിരുന്ന ജോതിഷ പണ്ഡിതന്‍ പണിക്കര്‍ അങ്ങോട്ട് കയറി ചെന്ന് ചോദിച്ചു..എന്താ രണ്ട്‌ പേരും കൂടി ഒരു ചര്‍ച്ച ഈ രാവിലെ തന്നേ..നുമ്മക്കും പങ്കു ചേരാമോ?
കോയാക്ക പറഞ്ഞു...ഇങ്ങളെ കണ്ടത് നന്നായി പണിക്കരേ..ഇങ്ങളെ കൊണ്ട് കബിടി നിരത്തിയോ മഷി നോക്കിയോ കണ്ടു പിടിക്കാന്‍ പറ്റുമോ ആ കാണാതായ ബിമാനം? അമ്പതു കോടിയാ കിട്ടുക പറഞ്ഞു കൊടുത്താല്‍..
പൊട്ടി ചിരിച്ചു കൊണ്ട് പണിക്കര്‍ പറഞ്ഞു ...എന്റെ കോയാക്ക നിങ്ങള്‍ക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലേ? അങ്ങനെ കവിടി നിരത്തി പറയാന്‍ എനിക്ക് അറിയുമായിരുന്നങ്കില്‍ കേരള സംസ്ഥാനം ആഴ്ചയില്‍ നല്‍കുന്ന കാരുണ്യ ലോട്ടറിയുടെ ഒരു കോടി എല്ലാ ആഴ്ചയും എനിക്ക് കിട്ടിയേനെ...ഇതൊക്കെ ജീവിക്കാനുള്ള ഒരു മാര്‍ഗം..കവിടി നിരത്തി പറയുന്നത് ചിലത് ഭാഗ്യം കൊണ്ട് നടക്കും..കാര്യം സാധിച്ചവര്‍ അത് പത്തു പേരോട് പറയും അങ്ങനെ ആ പത്തു പേര്‍ എന്റെടുക്കല്‍ വരും.. കാര്യം സാധിക്കാത്തവര്‍ മിണ്ടാതെ ഇരിക്കും അത്ര തന്നെ...നിരാശയോടെ കോയാക്ക പണിക്കരോടും ഉസ്താതിനോടും ചോദിച്ചു....അല്ല ഇനി നമ്മുടെ പള്ളീലച്ചനു കഴിയുമോ മുപേര്‍ക്ക് അവരുടെ വിശുദ്ധന്‍മാരെറ്റ് നല്ല ബന്തം ആണല്ലോ...         
മറുപടിയായി ഉറക്കെ ചിരിച്ചു കൊണ്ട് രണ്ടു പേരും കൂടി പറഞ്ഞു....
റോമിലെ വെല്യ അച്ഛന് ആ വിമാനം എവിടെയാനന്നു പറയാന്‍ കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈ കുഞ്ഞേ അച്ഛന്...കോയ പോയി ഞങ്ങളെ പോലെ വല്ല പണിം എടുത്ത് ജീവിക്കാന്‍ നോക്ക് അല്ലാ പിന്നെ...
നിരാശയോടെ തിരിഞ്ഞു നടക്കുമ്പോള്‍ കോയാക്ക ഓര്‍ത്തു എന്നാലും ആ ബിമാനം എവിടെ പോയ്‌...

Monday, April 7, 2014

തോല്‍വിയും വിജയവും

തോല്‍വി, എനിക്കോര്‍മ വെച്ച നാള്‍ മുതല്‍ അത് എന്നോടൊപ്പമുണ്ട്. ഒരു നിഴലുപോലെ. എന്തിനാണ് അവന്‍ എന്നെ വിടാതെ കൂടിയിരിക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. എനിക്ക് വരാനുള്ള നന്മയെ, വിജയത്തെ ഇവന്‍ ഓരോ പ്രാവശ്യവും തട്ടിമാറ്റിക്കൊണ്ടിരിക്കയായിരുന്നു. പലപ്പോഴും വളരെ നിര്‍ദ്ധയമായി അവനെന്നെ വീഴ്ത്തിക്കൊണ്ടിരുന്നു. ഓരോ വീഴ്ചയിലും ഞാന്‍ നിസ്സഹായനായിരുന്നു. അപ്പോഴൊക്കെയും സ്നേഹത്തിന്റെ ഒരു പൊന്‍ തൂവല്‍ പോലെ, ഒരു കുളിര്‍ തെന്നല്‍ പോലെ, സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ സാന്ത്വനവുമായി ഒരാള്‍ എത്തി. അവന്‍, ആത്മ വിശ്വാസം.

ഒരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല. പക്ഷെ എന്റെ ഉള്ളിന്റെ ഉള്ളിലിരുന്നു അവന്‍ സാന്ത്വനവാക്കുകള്‍ നല്‍കി എന്നെ സമാധാനിപ്പിച്ചു. "ഈ തോല്‍വിയെക്കണ്ട് നീ പേടിക്കേണ്ട. ഇവന്‍ നിന്നെ ഓരോ പ്രാവശ്യവും വീഴ്ത്തുമ്പോഴും നീ ഓര്‍ക്കുക നീ വിജയത്തിന്റെ അടുത്തെത്താനുള്ള ഓരോ പടിയും കയറുകയാണെന്ന്. ഇതിലൊന്നും നീ തളരരുത്. ഞാന്‍ ഉണ്ട് നിന്റെ കൂടെ". ആ സാന്ത്വനം മതിയായിരുന്നു എനിക്ക് എല്ലാം നേരിടാന്‍. തോല്‍വിയെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. എങ്കിലും അവന്‍ എന്നെ വീഴ്ത്താന്‍ തന്നെ ശ്രമിച്ചു കൊണ്ടിരുന്നു.

തോല്‍വിയെ അതിജീവിച്ചു ഞാന്‍ ഒരിക്കല്‍ വിജയത്തിനടുത്തെത്തി. വിജയം സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. അപ്പോള്‍ ആത്മ വിശ്വാസവും എന്നോടൊപ്പം സന്തോഷിച്ചു. പിന്നെ പലപ്പോഴും ഞാന്‍ വിജയത്തെ കണ്ടുമുട്ടി. അപ്പോഴൊക്കെയും ഒരു പുഞ്ചിരിയോടെ വിജയം എന്നെ സ്വീകരിച്ചു. തോല്‍വിയെ ഞാന്‍ പാടെ അവഗണിച്ചു തുടങ്ങി. ആത്മ വിശ്വാസം എന്റെ കൂടെ നിന്നു അപ്പോഴും. ഞാന്‍ വിജയത്തില്‍ എത്തിയതിനു അവനു വളരെ സന്തോഷമുണ്ട്. പക്ഷെ ഞാന്‍ തോല്‍വിയെ അവഗണിച്ചത് അവനു ഇഷ്ടമായില്ല എന്ന് അവന്റെ ഭാവത്തില്‍ നിന്ന് എനിക്ക് തോന്നി.

വിജയവുമായുള്ള എന്റെ അടുപ്പം കൂടിയപ്പോള്‍, അവന്‍ തുറന്നു തന്നെ പറഞ്ഞു. വിജയവുമായുള്ള നിന്റെ അടുപ്പം നല്ലത് തന്നെ. പക്ഷെ നീ തോല്‍വിയെ മറക്കരുത്. നിനക്ക് വിജയത്തില്‍ എത്താനുള്ള പടികള്‍ വെട്ടിത്തന്നത് അവനാണ്. അവന്‍ പല പ്രാവശ്യം നിന്നെ തോല്‍പ്പിച്ചത് കൊണ്ടാണ് ഒരിക്കലെങ്കിലും വിജയത്തിന്റെ അടുത്തെത്തണമെന്ന വാശി നിന്നില്‍ ഉണ്ടായത്. പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കരുത്. അവന്‍ ഉപദേശിച്ചു കൊണ്ടേ ഇരുന്നു. അവനോടു ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. എല്ലാം സമ്മതിച്ചു കൊടുത്തു. എങ്കിലും ഞാന്‍ മനസാ തോല്‍വിയെ മറന്നു കഴിഞ്ഞിരുന്നു. വിജയം എന്നോടൊപ്പം ഉള്ളപ്പോള്‍ എനിക്കെന്തു പേടി എന്നായിരുന്നു എന്റെ തോന്നല്‍.

വിജയം തന്ന ലഹരിയില്‍ ഞാന്‍ എല്ലാം മറന്നു. ഞാന്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങിലേക്ക് പോവുകയായിരുന്നു. വളരെ വേഗം. പറക്കുകയായിരുന്നു. പലപ്പോഴും ഞാന്‍ എന്റെ കൂടെപ്പിറപ്പായ എന്റെ സന്തത സഹചാരിയായ ആത്മ വിശ്വാസത്തെപ്പോലും മറന്നു. അവന്‍ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്റെ പോക്കില്‍ അവനു ഉൽക്കണ്ഠ ഉണ്ടായിരുന്നു. അവന്‍ പലവട്ടം എന്നോട് പറയാന്‍ ഒരുങ്ങി. പലപ്പോഴും സൂചിപ്പിച്ചു. "അഹങ്കാരം എന്നൊരു ദുഷ്ടന്‍ നിന്റെ ബലഹീനതകളില്‍ നീ അറിയാതെ കൈ വെയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. നീ അവനു കീഴടങ്ങരുത്. അവന്‍ നിന്നെ നശിപ്പിക്കും. നീ പിന്നിട്ട ആ പഴയ നാളുകള്‍ ഓര്‍ക്കുക. നിന്നില്‍ വാശി ഉണ്ടാക്കിയ തോല്‍വിയെ ഓര്‍ക്കുക. അഹങ്കാരത്തിന് തോല്‍വിയെ പേടിയാണ്.

പക്ഷെ ഞാന്‍ അത് കേള്‍ക്കാനുള്ള നിലയില്‍ ആയിരുന്നില്ല അപ്പോള്‍. എനിക്കെന്തു സംഭവിക്കാന്‍. വിജയം എന്നോടൊപ്പം ഉണ്ടല്ലോ. അവന്റെ വാക്കുകള്‍ ഞാന്‍ പാടെ അവഗണിക്കുകയായിരുന്നു. എന്നിട്ടും അവന്‍ എന്നെ വിട്ടു പോയില്ല. കാരണം അവനു പോവാനാവില്ല. പക്ഷെ അവന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. നീ വിജയത്തെ മാത്രം വിശ്വസിക്കരുത്. തോല്‍വിയും നീ ഓര്‍ക്കണം. ദുര്‍ബലമായ അവന്റെ വാക്കുകള്‍ എന്റെ കാതില്‍ എത്തിയില്ല, ഞാന്‍ ശ്രദ്ധിച്ചില്ല എന്ന് വേണം പറയാന്‍. പക്ഷെ രഹസ്യമായി അഹങ്കാരം എന്ന ദുഷ്ടന്‍ എന്നെ കീഴടക്കുകയായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല. ഒപ്പം ഉണ്ടെന്നു കരുതിയ വിജയം പോലും എന്നോട് പറഞ്ഞില്ല.

അഹങ്കാരം എന്ന ദുഷ്ടന്റെ വിളയാട്ടം ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും വൈകി. ഞാന്‍ അവന്റെ ചട്ടുകമായി മാറിക്കഴിഞ്ഞിരുന്നു അപ്പോള്‍. എന്റെ കൂടെപ്പിറപ്പായ എനിക്കെപ്പോഴും ഉപദേശം തന്നു എനിക്ക് നല്ല വഴി കാണിച്ചു തന്നിരുന്ന ആത്മ വിശ്വാസം അപ്പോഴേക്കും തളര്‍ന്നു രോഗ ശയ്യയിലായിരുന്നു. അവന്റെ തളര്‍ന്ന കൈകള്‍ ഉയര്‍ത്തി അവന്‍ എന്തോ എന്നോട് പറയാന്‍ ഒരുങ്ങി. അഹങ്കാരം എന്ന ദുഷ്ടന്റെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ പക്ഷെ അത് എനിക്ക് കേള്‍ക്കാന്‍ ആയില്ല. ദൂരെ രോഗ ശയ്യയില്‍ തളര്‍ന്ന രൂപം ഞാന്‍ കണ്ടു. അഹങ്കാരം അത്രെയേറെ അപ്പോഴേക്കും എന്നെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ഈ അഹങ്കാരം നിന്നെ വിജയത്തിന്റെ കൊടുമുടിയില്‍ നിന്ന് പടു കുഴിയിലേക്ക് തള്ളിയിടും.

ഞാന്‍ അന്നുവരെ ദര്‍ശിക്കാത്ത ഒരു തോല്‍വി എന്നോട് അടുത്ത് കൊണ്ടിരിക്കുന്നത് ഞാന്‍ അറിഞ്ഞില്ല. എന്റെ ആത്മ വിശ്വാസം എന്നോട് പലപ്പോഴും അത് സൂചിപ്പിചിരുന്നുവത്രേ. പക്ഷെ ഞാന്‍ കേട്ടില്ല. എനിക്ക് കുറേശ്ശെ പേടി തുടങ്ങി. അപ്പോള്‍ എന്നിലെ അഹങ്കാരം പൊട്ടിച്ചിരിച്ചു. രക്ഷിക്കണേ എന്ന് ഞാന്‍ വിജയത്തോട് കേണപേക്ഷിച്ചു. പക്ഷെ വിജയവും എന്റെ കാര്യത്തില്‍ ക്രമേണ നിസ്സഹായന്‍ ആവുകയായിരുന്നു. അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു. തിമിംഗലം പോലെ വലിയ ആ തോല്‍വിയുടെ വായിലേക്ക് അഹങ്കാരം എന്നെ എറിഞ്ഞു കൊടുത്തു. തോല്‍വി ആയ ആ വലിയ തിമിങ്ങലം അട്ടഹാസത്തോടെ എന്നെ സ്വീകരിച്ചു. വലിയ ഒരു ഇരയെക്കിട്ടിയ സന്തോഷത്തോടെ എന്നെ നോക്കി ഉറക്കെ ചിരിച്ചു. ആരുമാരും സഹായത്തിനു ഇല്ലാത്ത അവസ്ഥ. അവന്‍ എന്നെ ഇട്ടു വട്ടു തട്ടി. എനിക്ക് പ്രതികരിക്കാന്‍ കഴിയില്ല. ശക്തി ഒട്ടും ഇല്ല. അപ്പോള്‍ ഞാന്‍ എന്റെ സന്തത സഹചാരിയായ ആത്മ വിശ്വാസത്തെ ഓര്ത്തു. അവന്‍ തന്ന നല്ല ഉപദേശങ്ങളെ ഓര്‍ത്തു.

അപ്പോള്‍ മരണാസന്നനായ ആത്മ വിശ്വാസം ഒന്ന് ഞരങ്ങി. അവന്റെ ബലഹീനമായ കൈ എന്റെ കൈകളില്‍ മുറുകി. അപ്പോഴും ചൂടുള്ള ഒരു ധൈര്യം എന്നിലേക്ക്‌ പകരാന്‍ അവന്‍ ശ്രമിച്ചു. അത് മതിയായിരുന്നു എനിക്ക്. അവന്റെ തളര്‍ന്ന സാന്ത്വനം എനിക്ക് വലിയൊരു ശക്തി പോലെ തോന്നി. നിരായുധനായ ഞാന്‍ ആ തോല്‍വി ആയ തിമിംഗലത്തെ വെല്ലു വിളിച്ചു. അവനെ പുച്ഛിച്ചു തുപ്പി. അപ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന ആത്മ വിശ്വാസത്തെക്കണ്ട് പര്‍വ്വതം പോലെ നിന്ന ആ തോല്‍വിയും ഒന്ന് ഇളകി. എന്റെ കൈകള്‍ കൊണ്ട് ഞാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഒഴുക്കിനെതിരെ ഉള്ള നീന്തല്‍. എന്റെ കൂടെയുള്ള ആത്മ വിശാസത്തിന് പുതു ജീവന്‍ വന്ന പോലെ അവന്‍ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു. എന്റെ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടായി ക്രമേണ ക്രമേണ ഞാന്‍ ആ ചുഴിയില്‍ നിന്ന് മോചിക്കപ്പട്ടു. ഞാന്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചു

പക്ഷെ ഞാന്‍ വീണ്ടും ഒന്നില്‍ തന്നെ എത്തിയിരുന്നു. എനിക്ക് ദുഃഖം തോന്നിയില്ല. ആത്മ വിശ്വാസം എന്നോടൊപ്പം ഉണ്ടല്ലോ, പുത്തന്‍ ഉണര്‍വോടെ ! അപ്പോള്‍ ദൂരെ എന്നെ നോക്കി ചിരിക്കുന്ന കൊച്ചു കൊച്ചു തോല്‍വികളെ ഞാന്‍ കണ്ടു, കൊച്ചു കൊച്ചു വിജയങ്ങളെയും. ഞാനും അവരെ നോക്കി ചിരിച്ചു. അവരില്‍ ഒരാളെപ്പോലെ !!

നേരം ...

നേരം നിമിഷങ്ങള്‍ക്ക് വഴി മാറുമ്പോള്‍ 

മണിക്കൂറുകള്‍ തേടി അലയുന്ന സൂചികള്‍ 

ഇഴഞ്ഞു നീങ്ങുന്ന മണിക്കൂറുകളെ അനുകരിക്കുന്ന 

മനുഷ്യരെ ഇഴഞ്ഞ്…