Thursday, June 18, 2015

 കാലവര്‍ഷത്തെ മഴ ആയിരിക്കണം പടച്ചവന്‍ ഇക്കുറി നേരത്തെ വേനല്‍ കാലത്ത് തന്നെ തന്നത്...ഞായറാഴ്ച ആയതു കൊണ്ടും ചെറുങ്ങനെ മഴ പെയ്യുന്നത് കൊണ്ടും എങ്ങോട്ടും പോകാതെ വീടിന്‍റെ സിറ്റ് ഔട്ടില്‍ ഇരുന്നു ഞാറാഴ്ച സപ്പ്ലിമെന്റും വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് “ഇക്കാ മാക്സി വേണോ” എന്ന ശബ്ദം കേട്ടത്...പത്രത്തില്‍ നിന്നും കണ്ണ് മാറ്റി കൊണ്ട് ശബ്ദത്തിന്‍റെ ഉടമയെ നോക്കിയപ്പോള്‍ 15 വയസ്സ് പ്രായം  തോന്നിക്കുന്ന ഈര്‍ക്കിലി പോലത്തെ ഒരു ആണ്‍കുട്ടി...
അവന്‍റെ പ്രായത്തില്‍  താങ്ങാന്‍ ആകാത്ത ഒരു വലിയ ഒരു ബാഗ്‌ അവന്‍റെ തോളില്‍ നിന്നും അവന്‍ താഴെ വെച്ചു.. കയ്യിലെ തോര്‍ത്ത് മുണ്ട് കൊണ്ട് മഴയില്‍ നനഞ്ഞ മുഖം അവന്‍ തുടച്ചു...
ഞാന്‍ ഉമ്മാനോട് ഉറക്കെ വിളിച്ച് ചോദിച്ചു...
“ഉമ്മാ മാക്സി വേണോ?”
ഉമ്മ അകത്തു നിന്നും മറുപടി തന്നു
“വേണ്ടെന്നു പറഞ്ഞേക്ക് സംജു ...
അവനും കേട്ടിരുന്നു ഉമ്മയുടെ മറുപടി. വല്ലാത്ത നിരാശയോടെ തോളില്‍ നിന്നും ഇറക്കി വെച്ച ആ വലിയ ബാഗ് വീണ്ടും അവന്‍ തോളില്‍ വച്ചു തിരിഞ്ഞു നടക്കാന്‍ തുടങ്ങുമ്പോള്‍ എന്തോ എനിക്ക് അവനോട് അനുകമ്പ തോന്നി. അവന്‍റെ പ്രായത്തില്‍ ഞാന്‍ ഒക്കെ ക്രിക്കറ്റും ഫുട്ബോളും പാടത്തും പറമ്പിലും കളിച്ചു നടക്കുകയായിരുന്നു. ഇവനോ കളിച്ചും പഠിച്ചും നടക്കേണ്ട ഈ ഇളം പ്രായത്തില്‍ തോളില്‍ ജീവിത പ്രാരാബ്ധം ഏറ്റി നടക്കുന്നു...
ഞാന്‍ അവനോട് നില്‍ക്കാന്‍ പറഞ്ഞു കൊണ്ട് വീണ്ടും ഉമ്മാനെ വിളിച്ച് കൊണ്ട് പറഞ്ഞു...
“ഉമ്മ ഒരു ചെറിയ കുട്ടിയാണ്. ഒന്ന് വന്നു നോക്ക്”...
അപ്പോള്‍ ഉമ്മ പുറത്തേക്ക് വന്നു. ഉമ്മയുടെ വിളികേട്ട് മറ്റു പെണ്പടകളും
അവന്‍റെ കയ്യില്‍ കുഴപ്പമില്ലാത്ത സെലക്ഷന്‍ ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും കൂടി 2000 രൂപയുടെ മാക്സി എടുത്തു..
ഞാന്‍ അവനോട് ചോദിച്ചു..
“നിനക്ക് എത്ര കമ്മിഷന്‍ കിട്ടും?”
അവന്‍ പറഞ്ഞു
“1000 രൂപക്ക് 75 രൂപ കിട്ടും”
ഞാന്‍ വീണ്ടും ചോദിച്ചു..
“നീ പഠിക്കുന്നുണ്ടോ?”
അവന്‍..
“ഉണ്ട് 10 ക്ലാസ്സിലാണ്...
ഞാന്‍‍‍...
” പഠികേണ്ട ഈ സമയത്ത് നീ ഇതും വിറ്റ് നടന്നാല്‍ ജീവിതം പോകില്ലേ?”
അവന്‍..
”ഇല്ല ഇക്ക.. ഞായറാഴ്ചയും ഒഴിവുള്ള ദിവസവും മാത്രമേ ഞാന്‍ പോകാറുള്ളൂ.. പിന്നേ ക്ലാസ്സ്‌ കഴിഞ്ഞിട്ട് കുറച്ചു നേരവും. എന്നാലും ക്ലാസ്സില്‍ ഞാന്‍ ഫസ്റ്റ് ആണ് ഇക്കാ..പിന്നെ എനിക്കും ആഗ്രഹമുണ്ട് ഇക്കാ..കൂട്ടുകാരോട് കൂടി കളിക്കാനും ചിരിക്കാനുമോക്കെ..പക്ഷെ
ഞാന്‍ കളിയ്ക്കാന്‍ നടന്നാല്‍ എന്‍റെ ഉമ്മയും  പെങ്ങന്‍മാരും‍‍ പട്ടിണിയായും. എനിക്ക് പഠിക്കാനും വേണ്ടേ പണം..എല്ലാം ഇതില്‍ നിന്നും ഉണ്ടാക്കണം..
ഞാന്‍‍‍...
“അപ്പോള്‍ നിന്‍റെ ഉപ്പയോ?
അവന്‍...
“എനിക്ക് 12 വയസ്സുള്ളപ്പോള്‍ നാട് വിട്ടു പോയതാ...പിന്നെ ഒരറിവും ഇല്ല..
ഞാനും ഉമ്മയും പെങ്ങന്‍മാരും എന്നും കാത്തിരിക്കും ഉപ്പയുടെ വരവും കാത്ത്. പക്ഷെ ഇതു വരെ” ....
മുഴുമിക്കാനകാതെ അവന്‍റെ ശബ്ദം ഇടറി..
"പോകട്ടെ ഇക്കാ.."എന്ന് പറഞ്ഞു കൊണ്ട്  ഒരു ചെറു ചിരികുള്ളില്‍ ഒരു പൊട്ടി കരച്ചില്‍ ഒളിപിച്ചു കൊണ്ട് അവന്‍ ആ വലിയ മാക്സി ബാഗ്‌ വീണ്ടും എടുത്ത് തോളില്‍ വെച്ചു ചെറുതായി ചാറുന്ന ചെറു മഴയിലോട്ട് ഇറങ്ങി നടന്നു. ആ ചെറിയ വായില്‍ നിന്നും തൊണ്ട പൊട്ടുന്ന രീതിയില്‍ മാക്സി വേണോ മാക്സി എന്ന് വിളിച്ച് പറഞ്ഞു കൊണ്ട്...
 ഒരു മുഖ കുരു മുഖത്ത് വന്നാല്‍ പോലും  പടച്ചോനെ കുറ്റം പറയുന്ന നമ്മള്‍ പലപ്പോഴും മറന്നു പോകുന്നു...നമ്മള്‍ ഒക്കെ ഭാഗ്യവാന്‍മാര്‍‍‍ ആണെന്നു ചിലരുടെ അവസ്ഥ കേള്‍ക്കുമ്പോള്‍‍...