Monday, April 7, 2014

തോല്‍വിയും വിജയവും

തോല്‍വി, എനിക്കോര്‍മ വെച്ച നാള്‍ മുതല്‍ അത് എന്നോടൊപ്പമുണ്ട്. ഒരു നിഴലുപോലെ. എന്തിനാണ് അവന്‍ എന്നെ വിടാതെ കൂടിയിരിക്കുന്നത് എന്ന് ഞാന്‍ പലപ്പോഴും ഓര്‍ത്തിട്ടുണ്ട്. എനിക്ക് വരാനുള്ള നന്മയെ, വിജയത്തെ ഇവന്‍ ഓരോ പ്രാവശ്യവും തട്ടിമാറ്റിക്കൊണ്ടിരിക്കയായിരുന്നു. പലപ്പോഴും വളരെ നിര്‍ദ്ധയമായി അവനെന്നെ വീഴ്ത്തിക്കൊണ്ടിരുന്നു. ഓരോ വീഴ്ചയിലും ഞാന്‍ നിസ്സഹായനായിരുന്നു. അപ്പോഴൊക്കെയും സ്നേഹത്തിന്റെ ഒരു പൊന്‍ തൂവല്‍ പോലെ, ഒരു കുളിര്‍ തെന്നല്‍ പോലെ, സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ സാന്ത്വനവുമായി ഒരാള്‍ എത്തി. അവന്‍, ആത്മ വിശ്വാസം.

ഒരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല. പക്ഷെ എന്റെ ഉള്ളിന്റെ ഉള്ളിലിരുന്നു അവന്‍ സാന്ത്വനവാക്കുകള്‍ നല്‍കി എന്നെ സമാധാനിപ്പിച്ചു. "ഈ തോല്‍വിയെക്കണ്ട് നീ പേടിക്കേണ്ട. ഇവന്‍ നിന്നെ ഓരോ പ്രാവശ്യവും വീഴ്ത്തുമ്പോഴും നീ ഓര്‍ക്കുക നീ വിജയത്തിന്റെ അടുത്തെത്താനുള്ള ഓരോ പടിയും കയറുകയാണെന്ന്. ഇതിലൊന്നും നീ തളരരുത്. ഞാന്‍ ഉണ്ട് നിന്റെ കൂടെ". ആ സാന്ത്വനം മതിയായിരുന്നു എനിക്ക് എല്ലാം നേരിടാന്‍. തോല്‍വിയെ ഞാന്‍ കണ്ടില്ലെന്നു നടിച്ചു. എങ്കിലും അവന്‍ എന്നെ വീഴ്ത്താന്‍ തന്നെ ശ്രമിച്ചു കൊണ്ടിരുന്നു.

തോല്‍വിയെ അതിജീവിച്ചു ഞാന്‍ ഒരിക്കല്‍ വിജയത്തിനടുത്തെത്തി. വിജയം സന്തോഷത്തോടെ എന്നെ സ്വീകരിച്ചു. അപ്പോള്‍ ആത്മ വിശ്വാസവും എന്നോടൊപ്പം സന്തോഷിച്ചു. പിന്നെ പലപ്പോഴും ഞാന്‍ വിജയത്തെ കണ്ടുമുട്ടി. അപ്പോഴൊക്കെയും ഒരു പുഞ്ചിരിയോടെ വിജയം എന്നെ സ്വീകരിച്ചു. തോല്‍വിയെ ഞാന്‍ പാടെ അവഗണിച്ചു തുടങ്ങി. ആത്മ വിശ്വാസം എന്റെ കൂടെ നിന്നു അപ്പോഴും. ഞാന്‍ വിജയത്തില്‍ എത്തിയതിനു അവനു വളരെ സന്തോഷമുണ്ട്. പക്ഷെ ഞാന്‍ തോല്‍വിയെ അവഗണിച്ചത് അവനു ഇഷ്ടമായില്ല എന്ന് അവന്റെ ഭാവത്തില്‍ നിന്ന് എനിക്ക് തോന്നി.

വിജയവുമായുള്ള എന്റെ അടുപ്പം കൂടിയപ്പോള്‍, അവന്‍ തുറന്നു തന്നെ പറഞ്ഞു. വിജയവുമായുള്ള നിന്റെ അടുപ്പം നല്ലത് തന്നെ. പക്ഷെ നീ തോല്‍വിയെ മറക്കരുത്. നിനക്ക് വിജയത്തില്‍ എത്താനുള്ള പടികള്‍ വെട്ടിത്തന്നത് അവനാണ്. അവന്‍ പല പ്രാവശ്യം നിന്നെ തോല്‍പ്പിച്ചത് കൊണ്ടാണ് ഒരിക്കലെങ്കിലും വിജയത്തിന്റെ അടുത്തെത്തണമെന്ന വാശി നിന്നില്‍ ഉണ്ടായത്. പിന്നിട്ട വഴികള്‍ ഒരിക്കലും മറക്കരുത്. അവന്‍ ഉപദേശിച്ചു കൊണ്ടേ ഇരുന്നു. അവനോടു ഞാന്‍ മറുത്തൊന്നും പറഞ്ഞില്ല. എല്ലാം സമ്മതിച്ചു കൊടുത്തു. എങ്കിലും ഞാന്‍ മനസാ തോല്‍വിയെ മറന്നു കഴിഞ്ഞിരുന്നു. വിജയം എന്നോടൊപ്പം ഉള്ളപ്പോള്‍ എനിക്കെന്തു പേടി എന്നായിരുന്നു എന്റെ തോന്നല്‍.

വിജയം തന്ന ലഹരിയില്‍ ഞാന്‍ എല്ലാം മറന്നു. ഞാന്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങിലേക്ക് പോവുകയായിരുന്നു. വളരെ വേഗം. പറക്കുകയായിരുന്നു. പലപ്പോഴും ഞാന്‍ എന്റെ കൂടെപ്പിറപ്പായ എന്റെ സന്തത സഹചാരിയായ ആത്മ വിശ്വാസത്തെപ്പോലും മറന്നു. അവന്‍ എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. എന്റെ പോക്കില്‍ അവനു ഉൽക്കണ്ഠ ഉണ്ടായിരുന്നു. അവന്‍ പലവട്ടം എന്നോട് പറയാന്‍ ഒരുങ്ങി. പലപ്പോഴും സൂചിപ്പിച്ചു. "അഹങ്കാരം എന്നൊരു ദുഷ്ടന്‍ നിന്റെ ബലഹീനതകളില്‍ നീ അറിയാതെ കൈ വെയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. നീ അവനു കീഴടങ്ങരുത്. അവന്‍ നിന്നെ നശിപ്പിക്കും. നീ പിന്നിട്ട ആ പഴയ നാളുകള്‍ ഓര്‍ക്കുക. നിന്നില്‍ വാശി ഉണ്ടാക്കിയ തോല്‍വിയെ ഓര്‍ക്കുക. അഹങ്കാരത്തിന് തോല്‍വിയെ പേടിയാണ്.

പക്ഷെ ഞാന്‍ അത് കേള്‍ക്കാനുള്ള നിലയില്‍ ആയിരുന്നില്ല അപ്പോള്‍. എനിക്കെന്തു സംഭവിക്കാന്‍. വിജയം എന്നോടൊപ്പം ഉണ്ടല്ലോ. അവന്റെ വാക്കുകള്‍ ഞാന്‍ പാടെ അവഗണിക്കുകയായിരുന്നു. എന്നിട്ടും അവന്‍ എന്നെ വിട്ടു പോയില്ല. കാരണം അവനു പോവാനാവില്ല. പക്ഷെ അവന്‍ തളര്‍ന്നു തുടങ്ങിയിരുന്നു. നീ വിജയത്തെ മാത്രം വിശ്വസിക്കരുത്. തോല്‍വിയും നീ ഓര്‍ക്കണം. ദുര്‍ബലമായ അവന്റെ വാക്കുകള്‍ എന്റെ കാതില്‍ എത്തിയില്ല, ഞാന്‍ ശ്രദ്ധിച്ചില്ല എന്ന് വേണം പറയാന്‍. പക്ഷെ രഹസ്യമായി അഹങ്കാരം എന്ന ദുഷ്ടന്‍ എന്നെ കീഴടക്കുകയായിരുന്നു എന്ന് ഞാന്‍ അറിഞ്ഞില്ല. ഒപ്പം ഉണ്ടെന്നു കരുതിയ വിജയം പോലും എന്നോട് പറഞ്ഞില്ല.

അഹങ്കാരം എന്ന ദുഷ്ടന്റെ വിളയാട്ടം ഞാന്‍ മനസ്സിലാക്കിയപ്പോഴേക്കും വൈകി. ഞാന്‍ അവന്റെ ചട്ടുകമായി മാറിക്കഴിഞ്ഞിരുന്നു അപ്പോള്‍. എന്റെ കൂടെപ്പിറപ്പായ എനിക്കെപ്പോഴും ഉപദേശം തന്നു എനിക്ക് നല്ല വഴി കാണിച്ചു തന്നിരുന്ന ആത്മ വിശ്വാസം അപ്പോഴേക്കും തളര്‍ന്നു രോഗ ശയ്യയിലായിരുന്നു. അവന്റെ തളര്‍ന്ന കൈകള്‍ ഉയര്‍ത്തി അവന്‍ എന്തോ എന്നോട് പറയാന്‍ ഒരുങ്ങി. അഹങ്കാരം എന്ന ദുഷ്ടന്റെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ പക്ഷെ അത് എനിക്ക് കേള്‍ക്കാന്‍ ആയില്ല. ദൂരെ രോഗ ശയ്യയില്‍ തളര്‍ന്ന രൂപം ഞാന്‍ കണ്ടു. അഹങ്കാരം അത്രെയേറെ അപ്പോഴേക്കും എന്നെ സ്വാധീനിച്ചു കഴിഞ്ഞിരുന്നു. ഈ അഹങ്കാരം നിന്നെ വിജയത്തിന്റെ കൊടുമുടിയില്‍ നിന്ന് പടു കുഴിയിലേക്ക് തള്ളിയിടും.

ഞാന്‍ അന്നുവരെ ദര്‍ശിക്കാത്ത ഒരു തോല്‍വി എന്നോട് അടുത്ത് കൊണ്ടിരിക്കുന്നത് ഞാന്‍ അറിഞ്ഞില്ല. എന്റെ ആത്മ വിശ്വാസം എന്നോട് പലപ്പോഴും അത് സൂചിപ്പിചിരുന്നുവത്രേ. പക്ഷെ ഞാന്‍ കേട്ടില്ല. എനിക്ക് കുറേശ്ശെ പേടി തുടങ്ങി. അപ്പോള്‍ എന്നിലെ അഹങ്കാരം പൊട്ടിച്ചിരിച്ചു. രക്ഷിക്കണേ എന്ന് ഞാന്‍ വിജയത്തോട് കേണപേക്ഷിച്ചു. പക്ഷെ വിജയവും എന്റെ കാര്യത്തില്‍ ക്രമേണ നിസ്സഹായന്‍ ആവുകയായിരുന്നു. അങ്ങനെ ഒരു ദിവസം അത് സംഭവിച്ചു. തിമിംഗലം പോലെ വലിയ ആ തോല്‍വിയുടെ വായിലേക്ക് അഹങ്കാരം എന്നെ എറിഞ്ഞു കൊടുത്തു. തോല്‍വി ആയ ആ വലിയ തിമിങ്ങലം അട്ടഹാസത്തോടെ എന്നെ സ്വീകരിച്ചു. വലിയ ഒരു ഇരയെക്കിട്ടിയ സന്തോഷത്തോടെ എന്നെ നോക്കി ഉറക്കെ ചിരിച്ചു. ആരുമാരും സഹായത്തിനു ഇല്ലാത്ത അവസ്ഥ. അവന്‍ എന്നെ ഇട്ടു വട്ടു തട്ടി. എനിക്ക് പ്രതികരിക്കാന്‍ കഴിയില്ല. ശക്തി ഒട്ടും ഇല്ല. അപ്പോള്‍ ഞാന്‍ എന്റെ സന്തത സഹചാരിയായ ആത്മ വിശ്വാസത്തെ ഓര്ത്തു. അവന്‍ തന്ന നല്ല ഉപദേശങ്ങളെ ഓര്‍ത്തു.

അപ്പോള്‍ മരണാസന്നനായ ആത്മ വിശ്വാസം ഒന്ന് ഞരങ്ങി. അവന്റെ ബലഹീനമായ കൈ എന്റെ കൈകളില്‍ മുറുകി. അപ്പോഴും ചൂടുള്ള ഒരു ധൈര്യം എന്നിലേക്ക്‌ പകരാന്‍ അവന്‍ ശ്രമിച്ചു. അത് മതിയായിരുന്നു എനിക്ക്. അവന്റെ തളര്‍ന്ന സാന്ത്വനം എനിക്ക് വലിയൊരു ശക്തി പോലെ തോന്നി. നിരായുധനായ ഞാന്‍ ആ തോല്‍വി ആയ തിമിംഗലത്തെ വെല്ലു വിളിച്ചു. അവനെ പുച്ഛിച്ചു തുപ്പി. അപ്പോഴും എന്നോടൊപ്പം നില്‍ക്കുന്ന ആത്മ വിശ്വാസത്തെക്കണ്ട് പര്‍വ്വതം പോലെ നിന്ന ആ തോല്‍വിയും ഒന്ന് ഇളകി. എന്റെ കൈകള്‍ കൊണ്ട് ഞാന്‍ ശ്രമിച്ചു കൊണ്ടേ ഇരുന്നു. ഒഴുക്കിനെതിരെ ഉള്ള നീന്തല്‍. എന്റെ കൂടെയുള്ള ആത്മ വിശാസത്തിന് പുതു ജീവന്‍ വന്ന പോലെ അവന്‍ എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു. എന്റെ പരിശ്രമങ്ങള്‍ക്ക് ഫലം ഉണ്ടായി ക്രമേണ ക്രമേണ ഞാന്‍ ആ ചുഴിയില്‍ നിന്ന് മോചിക്കപ്പട്ടു. ഞാന്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചു

പക്ഷെ ഞാന്‍ വീണ്ടും ഒന്നില്‍ തന്നെ എത്തിയിരുന്നു. എനിക്ക് ദുഃഖം തോന്നിയില്ല. ആത്മ വിശ്വാസം എന്നോടൊപ്പം ഉണ്ടല്ലോ, പുത്തന്‍ ഉണര്‍വോടെ ! അപ്പോള്‍ ദൂരെ എന്നെ നോക്കി ചിരിക്കുന്ന കൊച്ചു കൊച്ചു തോല്‍വികളെ ഞാന്‍ കണ്ടു, കൊച്ചു കൊച്ചു വിജയങ്ങളെയും. ഞാനും അവരെ നോക്കി ചിരിച്ചു. അവരില്‍ ഒരാളെപ്പോലെ !!

No comments:

Post a Comment