Monday, March 30, 2015

സൗഹൃദം

ഫോണ്‍ നിര്‍ത്താതെ ചിലച്ചുകൊണ്ടിരുന്നു. പുസ്തകം മടക്കി വച്ച് ഫോണ്‍ ചെവിയില്‍ വച്ചപ്പോള്‍ മറുതലക്കല്‍ എവിടെയോ കേട്ട് മറന്ന ഒരു സ്ത്രീശബ്ദം. "ഹലോ" അല്‍പനേരം മിണ്ടാതെ നിന്നു. "മനസ്സിലായില്ലേ" മറുതലക്കല്‍ നിന്ന് വീണ്ടും. അപ്പോഴാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതോ നിസ്സാര കാര്യത്തിന് തന്നോട് പിണങ്ങിപ്പോയ തന്‍റെ പഴയ കൂട്ടുകാരിയെ അവന്‍ ഓര്‍ത്തത്. അവളുടെ മധുരമായ ശബ്ദത്തിനു പതിവിലും മാധുര്യമേറി. "ആയി, പറയൂ.." അവന്‍ പറഞ്ഞു. "സുഖമാണോ?" അവള്‍ ചോദിച്ചു. "അറിയില്ല" അവന്‍ പറഞ്ഞു. "എന്തുണ്ട് വിശേഷം?", "ഇത്രയും നേരം വിശേഷമൊന്നും ഇല്ലായിരുന്നു, ഇപ്പോള്‍ ചെറിയ വിശേഷം ആയി" അവന്‍ പറഞ്ഞു. "നിനക്ക് സുഖമാണോ?" അവന്‍ ചോദിച്ചു. "അതെ, എങ്കില്‍ ശരി വെയ്ക്കുകയാണ്" ഫോണ്‍ കട്ടായി. അവന്‍ അല്‍പനേരം കൂടി ഫോണ്‍ ചെവിയില്‍ വച്ചുകൊണ്ട് അവന്‍ നിന്നു. ഇനിയൊരിക്കലും അവളുടെ ശബ്ദം പോലും കേള്‍ക്കുമെന്ന്‍ കരുതിയതല്ല. ഇപ്പോള്‍ അവള്‍ ഇങ്ങോട്ട് വിളിച്ചിരിക്കുന്നു. കുറച്ചു കൂടി സംസാരിക്കാമായിരുന്നു എന്ന് തോന്നി അവന്. പതിവ് തര്‍ക്കങ്ങള്‍ക്കിടയിലുണ്ടായ നിസ്സാരമായ കളിയാക്കല്‍. അവനത് നിസ്സാരമായിരുന്നെങ്കിലും അവള്‍ക്കങ്ങനെ ആയിരുന്നില്ല. അത് മറ്റാരെക്കാളും അവനു അറിയാമായിരുന്നു. തങ്ങള്‍ പിണങ്ങാനുണ്ടായ സാഹചര്യത്തെ അവന്‍ ശപിച്ചു.
ഉറങ്ങുന്നതിനു മുന്പ് തന്‍റെ ഡയറിയില്‍ ഇങ്ങനെ എഴുതി. " ജീവിത്തില്‍ മറക്കാന്‍ കഴിയാത്തത് എന്ന് എണ്ണപ്പെട്ടവയില്‍ ഇതും കൂടി. നഷ്ട്പ്പെട്ടെന്ന് കരുതിയ സൗഹൃദം തിരിച്ചു കിട്ടിയിരിക്കുന്നു. ജീവിതത്തില്‍ വിലപ്പെട്ടതൊന്നും ബോധപൂര്‍വ്വമായ ശ്രമത്തില്‍ നിന്നുണ്ടാകുന്നതല്ല. വിധിയുടെ വിസ്മയം പോലെ അവ സ്വയം സംഭവിക്കുന്നു. മനസ്സിലെ സന്തോഷം ഈ കടലാസ്സിലേക്ക് പകര്‍ത്താന്‍ ഈ പേനക്ക് കഴിവുണ്ടായിരുന്നെങ്കില്‍..http://api.ning.com/files/741FtnVWixa519PVURez3Jzygi*b8to6OKU1ENWMgBC3uWbh2q8NgddZ3qdIv2NJvGdmwDYqLLPS2wgWzYkWJaP23RZT-C6b/mqdefault.jpg

സ്വപ്‌നങ്ങൾ പെയ്യാത്ത കാലത്തിലൂടെ..

നിലാവായ് തെളിഞ്ഞ്,
സുഗന്ധം നുണയുന്ന കാറ്റായ്
മെല്ലെ മെല്ലെ പടർന്ന്.....
ഇലകൾക്കിടയിലൂടെ
തണൽപോലെ മൃദുലമായ
വിരലുകൾ കൊണ്ട് ,
മുടിയിഴകൾക്കിടയിലൂടെ....
പിന്നെയൊരു മഴത്തുള്ളിയായി
നെറ്റിയിൽനിന്ന് ,
കണ്ണിലൂടെ ചുണ്ടിൽ ചിതറി വീണ്,
ഒരു രാവുമുഴുവൻ ആർത്തുപെയ്യ്ത്‌
തിരമാലകളായി ആടിയുലഞ്ഞ്,
ഉണരുമ്പോൾ ......
സൂര്യ വെളിച്ചത്തിന്റെ കൂർത്ത മുനയാൽ
കിനാവുകൾ പിടയുമ്പോൾ ,
കണ്ണിൽ വീണ മഴത്തുള്ളിയുടെ
കുളിർമയിലേക്ക്
കണ്ണീർ പടർത്തി,
വറുതി വീണ പാതയിൽ
വെയിൽപാടുകൾ ചവുട്ടി
സ്വപ്‌നങ്ങൾ പെയ്യാത്ത കാലത്തിലൂടെ
ശൂന്യതയിലെക്കൊരു
പാലായനം